ഭൂമിശാസ്ത്രപരമായ വിശദാംശങ്ങൾ
അഗസ്ത്യമലകളിലെ വെഹുഞ്ചി കുന്നുകളില്‍ നിന്നാരംഭിച്ച് ജില്ലയിലെ വിവിധ ഗ്രാമങ്ങളിലൂടെ ഒഴുകി കടലില്‍ എത്തിച്ചേരുന്ന കരമന നദിയുടെ ഇരുകരകളിലുമായി വെള്ളനാട് ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നു. കേരളത്തിന്‍റെ തലസ്ഥാന നഗരിയുടെ 22 കിലോമീറ്റര്‍ കിഴക്ക് മാറി ഉയര്‍ന്ന കുന്നിന്‍ പ്രദേശങ്ങളും ചരിവ് ഭൂവിഭാഗവും മനോഹരങ്ങളായ താഴ്വര പ്രദേശങ്ങളും ഉള്‍പ്പെട്ട് വെള്ളനാട് ഗ്രാമപഞ്ചായത്ത് കാണപ്പെടുന്നു. ഭരണപരമായി പഞ്ചായത്തില്‍ പതിനെട്ട് വാര്‍ഡുകളുണ്ട്.
പഞ്ചായത്തിന്‍റെ കിഴക്കുഭാഗത്തായി ആര്യനാട് പഞ്ചായത്തും തെക്ക് ഭാഗത്ത് ഉഴമലയ്ക്കല്‍, പൂവച്ചല്‍, നെടുമങ്ങാട് മുന്‍സിപ്പാലിറ്റിയും വടക്കുഭാഗത്ത് വിളപ്പില്‍, അരുവിക്കര, പൂവച്ചല്‍ പഞ്ചായത്തുകളും പടിഞ്ഞാറ് ഭാഗത്ത് അരുവിക്കര പഞ്ചായത്തുമായി 22.19 ച.കി. വിസ്തൃതിയില്‍ വെള്ളനാട് ഗ്രാമപഞ്ചായത്ത് വ്യാപിച്ചു കിടക്കുന്നു. പഞ്ചായത്തിന്‍റെ വടക്കുഭാഗത്ത് കൂടി ഒഴുകുന്ന കരമന നദിയുടെ ഇരുഭാഗങ്ങളിലുമായി പഞ്ചായത്ത് പ്രദേശം കാണുന്നു. പഞ്ചായത്തിന്‍റെ ഭൂപ്രകൃതി ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലും നദിയുടെ വമ്പിച്ച സ്വാധീനം ഉണ്ട്.
ഭൂപ്രകൃതി അനുസരിച്ച് വെള്ളനാട് പഞ്ചായത്തിനെ വിവിധ മേഖലകളിലായി വിഭജിക്കാം.
1. ഉയര്‍ന്ന കുന്നിന്‍ പ്രദേശങ്ങള്‍
2. സമാന്തരമായ മലനിരകള്‍
3. കുത്തനെയുള്ള ചരിവ് പ്രദേശങ്ങള്‍
4. മിതമായ ചരിവ് പ്രദേശങ്ങള്‍
5. ചെറു ചരിവ് പ്രദേശങ്ങള്‍
6. താഴ്വര പ്രദേശങ്ങള്‍
ഓരോ ഭൂവിഭാഗത്തിന്‍റെയും വിസ്തീര്‍ണ്ണം പട്ടികയില്‍ കൊടുത്തിരിക്കുന്നു.
ഭൂവിഭാഗങ്ങള്‍ വിസ്തീര്‍ണ്ണം (ച.കി.മി) ശതമാനം (%)
ഉയര്‍ന്ന പ്രദേശങ്ങള്‍ 7.00 31.5
ചരിവ് പ്രദേശങ്ങള്‍ 6.69 30.2
താഴ്വരകള്‍ 8.50 38.30
ആകെ 22.19 100
1. ഉയര്‍ന്ന കുന്നിന്‍ പ്രദേശങ്ങള്‍
മലനാട് ഭൂവിഭാഗത്തില്‍ ഉള്‍പ്പെടുന്ന വെള്ളനാട് പഞ്ചായത്തില്‍ ഒറ്റപ്പെട്ട കുന്നിന്‍ പ്രദേശങ്ങളും താരതമ്യേന ഉയര്‍ന്ന സമതല പ്രദേശങ്ങളും കാണപ്പെടുന്നു. വെട്ടുകല്‍ മണ്‍ പ്രദേശങ്ങളാണവ. ജല ലഭ്യതക്കുറവ് അവിടുത്തെ ഒരു പ്രധാന പ്രശ്നം. റബ്ബര്‍, തെങ്ങ്, മറ്റ് വിളകള്‍ എന്നിവ കൃഷി ചെയ്യപെടുന്നു.
2. സമാന്തരമായ മലനിരകള്‍
ഉയര്‍ന്ന ഭൂവിഭാഗത്തില്‍പ്പെടുന്ന സമാന്തരങ്ങളായ നിരവധി മലനിരകള്‍ പഞ്ചായത്തില്‍ ഉണ്ട്. പ്രധാനമായും വെട്ടുകല്‍ മണ്ണാണ് കണ്ട് വരുന്നത്. ജല ലഭ്യത താരതമ്യേന കുറവാണ്. റബ്ബര്‍, തെങ്ങ്, മിശ്രിതമരങ്ങള്‍ എന്നിവ കാണപ്പെടുന്നു.
3. കുത്തനെയുള്ള ചരിവ് പ്രദേശങ്ങള്‍
ഉയര്‍ന്ന സമതല പ്രദേശങ്ങള്‍ക്കും മലനിരകള്‍ക്കും തുടര്‍ച്ചയായി കുത്തനെയുള്ള ചരിവ് പ്രദേശങ്ങള്‍ സ്ഥിതിചെയ്യുന്നു. ഈ പ്രദേശങ്ങളില്‍ വെട്ടുകല്‍ മണ്ണാണുള്ളത്. ജല ലഭ്യതയുടെ അളവ് കുറവാണ്. പ്രധാനമായും റബ്ബര്‍, തെങ്ങ്, കപ്പ മറ്റ് വിളകള്‍ എന്നിവ കൃഷി ചെയ്യുന്നു. മണ്ണൊലിപ്പ് സാധ്യത കൂടുതലാണ്.
4. മിതമായ ചരിവ് പ്രദേശങ്ങള്‍
കുത്തനെയുള്ള ചരിവ് പ്രദേശങ്ങളുടെ തുടര്‍ച്ചയായി മിതമായ ചരിവ് പ്രദേശങ്ങള്‍ കണ്ടുവരുന്നു. വെട്ടുകല്ലിനത്തില്‍പ്പെട്ട മണ്ണാണ് കാണുന്നത്. ജല ലഭ്യതയുടെ അളവ് കുറവാണ്. പ്രധാനമായും റബ്ബര്‍, തെങ്ങ്, കപ്പ മുതലായവ കൃഷി ചെയ്യുന്നു. മണ്ണൊലിപ്പിന്‍റെ അളവ് താരതമ്യേന കൂടുതലാണ്.
5. ചെറുചരിവ് പ്രദേശങ്ങള്‍
മിതമായ ചരിവുകളുടെ തുടര്‍ച്ചയായി കാണപ്പെടുന്ന ചെറുചരിവ് പ്രദേശങ്ങള്‍ താഴ്വര പ്രദേശങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഈ പ്രദേശങ്ങള്‍ വെട്ടുകല്‍ മണ്ണാണ് കാണുന്നത്. ജല ലഭ്യത ക്കുറവുണ്ട്. മണ്ണൊലിപ്പ് സാധ്യതാ പ്രദേശങ്ങളാണ്. റബ്ബര്‍, തെങ്ങ്, വാഴ, കപ്പ, മിശ്രവിളകള്‍ എന്നിവ കൃഷി ചെയ്യുന്നു.
6. താഴ്വര പ്രദേശങ്ങള്‍
പഞ്ചായത്തിലെ പാടശേഖരങ്ങള്‍ ഉള്‍പ്പെടുന്ന ഭൂവിഭാഗമാണ് താഴ്വര പ്രദേശങ്ങള്‍. എക്കല്‍ മണ്ണാണ് പ്രധാന മണ്ണിനം. ജല ലഭ്യത താരതമ്യേന കൂടുതലാണ്. നെല്ല്, വാഴ, കപ്പ തുടങ്ങിയവ ഇവിടങ്ങളില്‍ കൃഷി ചെയ്തു വരുന്നു. പല താഴ്ന്ന പ്രദേശങ്ങളും വ്യാപകമായി നടത്തുന്നതുകാണാം. കൃഷി ചെയ്യാതെ തരിശിടുന്ന പ്രദേശങ്ങളും കൂട്ടത്തിലുണ്ട്. താഴ്വര പ്രദേശങ്ങളില്‍ പല ഭാഗങ്ങളിലും മഴക്കാലത്ത് ജലം കെട്ടി നില്‍ക്കുകയും നീര്‍ക്കെട്ടുകള്‍ രൂപപ്പെടുകയും ചെയ്യുന്നു.
സമുദ്ര നിരപ്പില്‍ നിന്നുമുള്ള ഉയരത്തെ അടിസ്ഥാനമാക്കി പഞ്ചായത്തിനെ 40 മീറ്ററിനു താഴെ, 40 മീറ്ററിനും 60 മീറ്ററിനും ഇടയില്‍, 60 മീറ്ററിനും 100 മീറ്ററിനും ഇടയില്‍ 100 മീറ്ററിനും മുകളിലും 200 മീറ്ററിനു താഴെ എന്നിങ്ങനെ വിവിധ മേഖലകളിലായി തിരിക്കാം. പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന ഭാഗം 155 മീറ്റര്‍ വരുന്ന കുതിരകളവും സമീപ പ്രദേശങ്ങളുമാണ്.
പഞ്ചായത്തില്‍ പ്രധാനമായും വെട്ടുകല്‍ മണ്ണ്, എക്കല്‍ മണ്ണ് എന്നീ വിഭാഗത്തിലെ മണ്ണ് തരങ്ങള്‍ കാണാവുന്നതാണ്. കുന്നിന്‍ പ്രദേശങ്ങളിലും ചരിവ് പ്രദേശങ്ങളിലും വെട്ടുകല്‍ മണ്ണാണ് കാണപ്പെടുന്നത്. താഴ്വര പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പാടശേഖരങ്ങളില്‍ വ്യാപകമായി എക്കല്‍ മണ്ണ് കണ്ടുവരുന്നുണ്ട്.
പട്ടിക 2-ല്‍ ഉപരിതല മണ്‍തരങ്ങളുടെ വിശദവിവരം പട്ടികയില്‍ ചേര്‍ക്കുന്നു.
മണ്‍ തരങ്ങള്‍ വിസ്തീര്‍ണ്ണം (ച.കി.മി) ശതമാനം (%)
വെട്ടുകല്ല് മണ്ണ് 13.69 61.70
എക്കല്‍ മണ്ണ് 8.50 38.30
ആകെ 22.19 100