ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഉത്തരമലബാറിലുള്ള വള്ളുവന്പട ഈ പ്രദേശത്ത് വരുവാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. കൂടാതെ അങ്ങനെ പേരുള്ള ഒരു സമൂഹം ഇവിടെ വന്നിരുന്നു എന്ന് സ്ഥാപിക്കുന്നതിന് ഉപോത്ബലമായ തെളിവുകള്‍ ഒന്നും തന്നെയില്ല. വള്ളുവപ്പട നാലോ അഞ്ചോ ഇല്ലങ്ങളില്‍ മാത്രം ഒതുങ്ങി നിന്ന കായികാഭ്യാസികള്‍ മാത്രമാണ്. ഒരു പക്ഷേ കുറേക്കൂടി വിശ്വാസ്യതയുള്ള മറ്റൊരു കെട്ടുകഥ വല്ലനാട് വെള്ളനാട് ആയതാകാം എന്നുള്ളതാണ്.
തെക്കേ ഭാരതത്തിലുണ്ടായിരുന്ന ഹൈന്ദവ നവോത്ഥാനത്തിന്റെ ശില്പികളിലൊരാളായിരുന്ന തിരുമലനായ്ക്കന്റെ സാമ്രാജ്യത്തിലുമായി നമ്മുടെ ഗ്രാമത്തിന് ചരിത്രപരമായ ബന്ധമുന്ന്െ പറയപ്പെടുന്നു. തിരുമല നായ്ക്കന്റെ തലസ്ഥാനമായ മധുരയില്‍ നിന്നും ഷൊര്‍ളക്കോട് വഴി പശ്ചിമഘട്ടത്തിലൂടെ കോട്ടൂര്‍ മല വഴി തെക്കന്‍ കേരളത്തിലെത്താന്‍ ഒരു കുതിരത്തടം ഉണ്ടായിരുന്നതായി ചരിത്രവും ഐതിഹ്യവും ഉണ്ട്. കോട്ടൂര്‍ എന്ന നാട്ടുരാജ്യം കാളിമൂപ്പത്തി എന്ന ഒരു റാണി ഭരിച്ചിരുന്നു എന്നും ഈ നാട്ടുരാജ്യം ആക്രമിക്കാന്‍ തിരുമല നായ്ക്കര്‍ പരിപാടിയിടുകയും ചെയ്തതായി പറയപ്പെടുന്നു. എന്തായാലും ഒരു പ്രദേശം ആക്രമിക്കുന്നതിന് മുമ്പായി അവിടുത്തെ സ്ഥിതിഗതികളെക്കുറിച്ച് വിവരം ശേഖരിക്കേണ്ടതുണ്ട് യുദ്ധമുറയുടെ ആവശ്യഘടകങ്ങളില്‍ ഒന്നാണല്ലോ ? അതിനുവേണ്ടിയുള്ള ചാരപ്രവര്‍ത്തനത്തിനായി തിരുമലനായ്ക്കര്‍ നിയമിച്ച് അയച്ച സേനാനായകന് കോട്ടൂര്‍ പ്രദേശത്ത് വരികയും കാളിമൂപ്പത്തിയെ കണ്ടപ്പോള്‍ തന്റെ നിയുക്ത ഉദ്ദേശ്യം വിസ്മരിക്കുകയും കാളിമൂപ്പത്തിയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായി അവിടെ തന്നെ താമസവും തുടങ്ങി.
സേനാ നായകന്റെ പ്രവൃത്തിയില്‍ രോഷാകുലനായ തിരുമലനായ്ക്കര്‍ കോട്ടൂര്‍ രാജ്യം പിടിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അതു ചെറുക്കാനായി കുതിരത്തടം വെട്ടിമുറിച്ച് കിടങ്ങുകളാക്കി ഏതായാലും നായ്ക്കര്‍ കോട്ടൂര്‍ രാജ്യം പിടിച്ചടക്കുകയും തുടര്‍ന്ന് തന്റെ കണ്ണ് അനന്തപുരിയിലേയ്ക്ക് ലക്ഷ്യമാക്കുകയും ചെയ്തു. ഈ ആക്രമണ പരമ്പരയുടെ ഭാഗമായിട്ടുള്ള പടയോട്ടത്തില്‍ ഇന്നത്തെ വെള്ളനാട് പ്രദേശം വഴി കടന്ന് പോയിരിക്കാം എന്നും ഐതീഹ്യം പറയുന്നു. അക്കാലങ്ങളിലുള്ള നാട്ടുരാജ്യങ്ങള്‍ വെട്ടിപ്പിടിക്കുന്നതിന്റെ ചരിത്രം പറയുന്നത് ഇങ്ങനെ പേകുന്ന വഴിയില്‍ വെട്ടിപ്പിടിക്കുന്ന രാജാവിന്റെ ആള്ക്കാര് കുടിയേറും എന്നുള്ളതാണ്. ഏതായാലും മുന്‍കാലങ്ങളിലെ ഭൂ ഇടപാടികളുടെ രേഖ പരിശോധിച്ചാല്‍ വ്യക്തമാകുന്നത് ഇന്നതെ മിത്രാനികേതനടുത്തുള്ള വെള്ളൂര്‍ക്കോണം എന്ന സ്ഥലത്ത് നായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ട കുറേ കുടുംബങ്ങള്‍ ഉണ്ടായിരുന്നതായിട്ടാണ്. ഇവിടെ കുടിയേറിയ നായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ പണികഴിപ്പിച്ചതാകാം. ഇന്നത്തെ തിരുനല്ലൂര്ശാല ശിവക്ഷേത്രം ഈ ക്ഷേത്രത്തിന്റെ പേര് പിരിച്ചെഴുതി അര്‍ത്ഥ വ്യാഖ്യാനം നടത്തിയാല്‍ അത് പൂര്‍ണ്ണമായും ഒരു തമിഴ് ഭാഷയില്‍ നിന്നും ഉരുത്തിരിഞ്ഞ് വന്നിട്ടുള്ളതാണ് എന്ന് മനസ്സിലാകും. (തിരുനല്ലൂര്ശാല തിര = ശ്രീ , നല്ല് = നല്ലത് , ഊര് = സ്ഥലം ) കൂടാതെ ഈ ക്ഷേത്രത്തിന്റെ ശില്പവിദ്യയ്ക്കും തമിഴ് ചുവയുണ്ട്. ഈ അനുമാനം ശരിയാണെങ്കില്‍ നായ്ക്കര്‍ തങ്ങളുടെ ജന്മസ്ഥലമായ മധുരയിലെ വല്ലനാടിന്റെ ഓര്‍മ്മയ്ക്കായി ഈ പ്രദേശത്തും വല്ലനാട് എന്ന് പേര് കൊടുത്തതായും അത് കാലാന്തരത്തില്‍ ഭാഷാ പരിണാമം പ്രാപിച്ച് വെള്ളനാട് ആയതാകാം ഏതായാലും ഇതെല്ലാം കെട്ടുകഥയില്‍ നിന്നുള്ള നിഗമനങ്ങളാണ് എന്ന് പറഞ്ഞുകൊള്ളട്ടെ.
സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട് വെള്ളനാടിന് എടുത്തു പറയത്തക്ക സംഭാവനകളൊന്നുമില്ല. 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തെ തുടര്‍ന്നാണ് വെള്ളനാട് പഞ്ചായത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ചെരുപ്പടി കുഞ്ഞന്‍പിള്ള എന്ന് വിളിച്ചിരുന്ന കേശവന് നായരായിരുന്നു ഈ പ്രദേശത്ത് കോണ്‍ഗ്രസ്സിന്റെയും ഖാദി പ്രസ്ഥാനത്തിന്റെയും തുടക്കം കുറിച്ചത്. കൊക്കുടി ശിവശങ്കരപിള്ള ചേരിക്കോണം ശങ്കപ്പിള്ള, കുരുക്കംവിളാകം ശങ്കരപിള്ള, പ്ലാഞ്ചേരി കൃഷ്ണപിള്ള, പായ്ക്കാട് നാരായണപിള്ള, അലക്സാര്‍, കെ.പി.റാം, പൊന്നൂസ് നാടാര്‍, കെ.വിശ്വനാഥന്, പി.തങ്കപ്പന് നായര്‍, കെ.ജോണ്സണ് നാടാര്‍ തുടങ്ങിയവരാണ് ഈ പ്രദേശത്തെ കോണ്‍ഗ്രസ്സ് സംഘടനയിലെ ആദ്യകാല പ്രവര്‍ത്തകര്‍, കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായിരുന്നെങ്കിലും ദേശീയ സ്വാതന്ത്ര്യസമരത്തില്‍ ഇവരാരും കാര്യമായ പങ്ക് വഹിച്ചതായി പറയുന്നില്ല.
ഇടതുപക്ഷ ചിന്താഗതിയ്ക്ക് വെള്ളനാടിന്റെ മണ്ണില്‍ പോരാട്ടമുണ്ടാകുന്നത് 1950 തുകളുടെ തുടക്കത്തിലാണ്. വെളിയന്നൂര്‍ ആര്.അച്യുതന് നായര്‍ (ഔവര്‍ കോളേജ്) ആയിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്നത്തെ പ്രധാന പ്രവര്ത്തകന്. ആര്.ബാലകൃഷ്ണപിള്ള നിയമസഭയിലേയ്ക്ക് മത്സരിച്ചതോടുകൂടി വെള്ളനാട് പ്രദേശത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കാര്യമായ വേരോട്ടമുണ്ടായി. ഈ തെരഞ്ഞെടുപ്പില്‍ ആര്.കേശവന് നായര്‍ വിജയിച്ചു. തുടര്‍ന്ന് 1953-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പും 1954-ലെ പൊതു തെരഞ്ഞെടുപ്പും പാര്‍ട്ടിയെ കൂടുതല്‍ ശക്തമാക്കി. ഈ കാലഘട്ടങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന പ്രവര്‍ത്തകര്‍ അച്യുതന് നായര്‍, സെല്‍വാനോസ്, തങ്കപ്പന് നായര്‍, ചാങ്ങയില്‍ കൃഷ്ണനാശാരി എന്നിവരായിരുന്നു. 1959-ലെ വിമോചന സമരത്തോടുകൂടി പി.എസ്.പി.യും വെള്ളനാട് പ്രവര്‍ത്തനം ആരംഭിച്ചു. 1970-ലെ മിച്ചഭൂമി സമരത്തിന്റെ ഭാഗമായി കൂവക്കുടി കട്ടയ്ക്കാലില്‍ മിച്ചഭൂമി സമരം വളരെ ശക്തമായി നടന്നു. ഭൂ പരിഷ്കരണത്തിന്റെ ഭാഗമായി വെള്ളനാട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കൈവശ കൃഷിക്കാര്‍ക്ക് ഭൂമി കിട്ടിയതില്‍ കൂടുതല്‍ പേരും വെളിയന്നൂര്‍ പ്രദേശത്തുള്ളവരായിരുന്നു.
കോണ്‍ഗ്രസ്സ്, സി.പി.ഐ., ആര്.എസ്.പി. കക്ഷികള്‍ ചേര്‍ന്ന് ഐക്യമുന്നണി രൂപീകരിക്കപ്പെട്ടതോടെ ഇവിടെയും കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും യോജിച്ച് പ്രവര്ത്തിക്കാന്് തുടങ്ങി. ഇത് കോണ്‍ഗ്രസ്സിന്റെ സംഘടനാശേഷി ക്ഷയിച്ചു. 1980 വരെ വെള്ളനാട് പഞ്ചായത്തില്‍ കോണ്‍ഗ്രസ്സിന് കാര്യമായ സംഘടനാ പ്രവര്‍ത്തനം ഉണ്ടായിരുന്നില്ല. അതിനുശേഷമാണ് കോണ്‍ഗ്രസ്സ് ശക്തിപ്പെട്ടത്.
1980-ഓടുകൂടിയാണ് ട്രേഡ് യൂണിയന് പ്രസ്ഥാനം വെള്ളനാട്ട് ആരംഭിച്ചത്. ആദ്യത്തെ ട്രേഡ് യൂണിയന് സംഘടന യു.റ്റി.യു.സി. ആയിരുന്നു ഇത് പില്ക്കാലത്ത് ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി., ബി.എം.എസ്. എന്നീ ട്രേഡ് യൂണിയനുകള്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.
1947-ല്‍ ഗ്രാമോദ്ധാരണത്തിനായി വില്ലേജ് അപ് ലിഫ്റ്റ് സമിതികള്‍ തുടങ്ങാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി വെള്ളനാടും ആര്യനാടും ചേര്‍ന്ന് വെള്ളനാട് അപ് ലിഫ്റ്റ് സമിതി രൂപീകൃതമായി. വില്ലേജ് യൂണിയനിലേയ്ക്ക് ജനസംഖ്യാനുപാതത്തില്‍ നിശ്ചിത അംഗങ്ങളെ ഗവണ്മെന്റ് നോമിനേറ്റ് ചെയ്യുന്ന സമ്പ്രദായമാണ് അന്നുണ്ടായിരുന്നത്. ഗ്രാമപ്രദേശങ്ങളില്‍ വില്ലേജ് അപ് ലിഫ്റ്റ് സമിതികള്‍ ഉള്ളതുപോലെ ഠൗണ്‍ പ്രദേശങ്ങളില്‍ രൂപം കൊടുത്തവയാണ് വില്ലേജ് യൂണിയന്. വെള്ളനാട്ട് 1947-ല്‍ വില്ലേജ് അപ് ലിഫ്റ്റ് സമിതി രൂപീകൃതമായപ്പോള്‍ മുടിപ്പുര മൈതാനത്തില്‍ വിളിച്ച് കൂട്ടിയ യോഗത്തില്‍ വച്ച് വെള്ളനാടിനെ പ്രതിനിധീകരിച്ച് ഡോ.എന്‍.കൃഷ്ണപിള്ള ജെ.ബി.നാഥന്, ഇടവിളാകം പരമേശ്വരന് പിള്ള, കൊക്കിടി ശിവശങ്കരപിള്ള, പാറുക്കുട്ടിയമ്മ എന്നിവരേയും ആര്യനാടിനെ പ്രതിനിധീകരിച്ച് ഗോവിന്ദന്സാര് എരുമോട്ട് രാമകൃഷ്ണപിള്ള, ഗോപാലപിള്ള എന്നിവരേയും ഗ്രാമോദ്ധാരണ സമിതികളുടെ ഡയറക്ടറായിരുന്ന ശ്രീ. പിച്ചുമണി അയ്യങ്കാരുടെ സാന്നിദ്ധ്യത്തില്‍ പാനല്‍ അവതരിപ്പിച്ച് തെരഞ്ഞെടുത്തു. വില്ലേജ് അപ് ലിഫ്റ്റ് അഫീസിലേയ്ക്ക് ത്രിവിക്രമന്‍ നായരെ ആഫീസ് സെക്രട്ടറിയായും ശേഖരപിള്ളയെ പ്യൂണുമായും നിയമിച്ചു. സമിതിയുടെ ആദ്യത്തെ പ്രസിഡന്റായി ഡോ.എന്‍.കൃഷ്ണപിള്ളയെ തെരഞ്ഞെടുത്തു. ഏതാനും മാസം കഴിഞ്ഞ് ഡോ.കൃഷ്ണപിള്ള രാജി വച്ചപ്പോള്‍ നെടുമങ്ങാട് ആര്.കേശവന് നായരെ അംഗമായും പിന്നീട് പ്രസിഡന്റായും തെരഞ്ഞെടുത്തു. ഇതിനെ ചോദ്യം ചെയ്ത് ഏതാനും പേപ്പര്‍ സ്റ്റേ വാങ്ങുകയും കമ്മിറ്റി കൂടാതിരിക്കേ സ്ഥിതിയുമുണ്ടായി. മന്ത്രി ശ്രീ.അയ്യപ്പന് വകുപ്പ് മന്ത്രിയായി വന്നപ്പോഴാണ് സ്റ്റേ വെക്കേറ്റ് ചെയ്തത് (1953).
1953-ല്‍ പുതിയ പഞ്ചായത്തുകളില്‍ ഇലക്ഷന് നടക്കുകയും ആ വര്‍ഷം തന്നെ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15-ാം തീയതി പഞ്ചായത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കെ.കൃഷ്ണന് നായര്‍ (തുമ്പറവീട്) പ്രസിഡന്റായും ആര്.അച്യുതന് നായര്‍, വാസുപിള്ള, വ്ളാക നീലകണ്ഠപിള്ള തുടങ്ങി 7 പേര് അടങ്ങുന്ന ഭരണസമിതിയുമായിരുന്നു 1953 -ല്‍ അധികാരമേറ്റത്. അന്നത്തെ നിയമം അനുസരിച്ച് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് തിരുവനന്തപുരത്താണ് നോമിനേഷന് കൊടുക്കേണ്ടത്. 1962 ഡിസംബര്‍ 31 വരെ ഈ ഭരണസമിതി അധികാരത്തില്‍ തുടര്‍ന്നുവെങ്കിലും ഇതിനിടയില്‍ പി.നാഗപ്പന് നായര്‍ പ്രസിഡന്റായി 1962-63-ല്‍ സ്പെഷ്യല്‍ ഓഫീസറാണ് പഞ്ചായത്ത് ഭരണം നടത്തിയത്.
1963 അവസാനം അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നു. 1964 ജനുവരി ഒന്നാം തീയതി പഞ്ചായത്ത് ചുമതലയേറ്റു താഴെ പറയുന്നവരായിരുന്നു ഭരണസമിതിയിലെ അംഗങ്ങള്‍ പരമേശ്വരന് നായര്‍ പ്രസിഡന്റ്, വാരിജാക്ഷന്‍ നായര്‍, വേലായുധന് പിള്ള, കെ.വിശ്വനാഥന്, ബെല്സസാര് ജോസഫ്, സഹദേവന് നായര്‍, തങ്കപ്പന് നായര്‍ ഈ കാലഘട്ടത്തില്‍ പഞ്ചായത്തില്‍ വനിതാ പ്രാതിനിധ്യത്തിന് ഒരു വനിതയെ ഭൂരിപക്ഷ തീരുമാനപ്രകാരം നോമിനേറ്റ് ചെയ്യാനുള്ള അധികാരം കിട്ടുകയും ഒരു പിന്നാക്ക സമുദായത്തില്‍പ്പെട്ട വനിതയെ തെരഞ്ഞെടുക്കുന്നത് നന്നായിരിക്കും എന്നപൊതു അഭിപ്രായത്തെ മാനിച്ച് പുതുക്കുളങ്ങരയുള്ള ശ്രീമതി ജായിസിനെ വനിതാ മെമ്പറാക്കി. ഏതാനും മാസം കഴിഞ്ഞ് ശ്രീ.വിശ്വനാഥന് രാജിവച്ചപ്പോള്‍ ആ വാര്‍ഡില്‍ വേലായുധന് നാടാരും, ബെല്‍സ്റ്റാര്‍ രാജി വച്ചപ്പോള്‍ മാധവന് നായരും മെമ്പര്‍മാരായി. 1963-ല്‍ അധികാരമേറ്റ ഈ ഭരണസമിതി 1979-ല്‍ ആഗസ്റ്റ് വരെ ഭരണത്തില്‍ തുടര്‍ന്നു. 1964 മുതല്‍ 1969 വരെ സംസ്ഥാന ഭരണത്തില്‍ നിലനിന്നിരുന്ന അനിശ്ചിതത്വം തുടര്‍ന്ന് വന്ന ഗവണ്മെന്റിന്റെ താല്പര്യക്കുറവ് കാരണം ഏകദേശം 16 വര്‍ഷക്കാലം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കേരളമൊട്ടാകെ നടന്നില്ല. 1979-ല്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എന്‍.എന്‍.ഉണ്ണി പ്രസിഡന്റായും 2-ാം വാര്‍ഡ്, കൃഷ്ണന് നായര്‍ 1-ാം വാര്‍ഡ് കെ.പരമേശ്വരന് നായര്‍ 3-ാം വാര്‍ഡ് വാരിജാക്ഷന്‍ നായര്‍ 4-ാം വാര്‍ഡ് രത്നമ്മ 5-ാം വാര്‍ഡ് ഷാഹുല്‍ഹമീദ് 6-ാം വാര്‍ഡ് ശൈലസ് 7-ാം വാര്‍ഡ് (ഉപതെരഞ്ഞെടുപ്പില്‍ ഈ വാര്‍ഡില്‍ ജോണ്സണ് നാടാര്‍ തെരഞ്ഞെടുക്കപ്പെട്ടു.) മഹാദേവന് 8-ാം വാര്‍ഡ് (ഹരിജന്‍ വാര്‍ഡ്) വി.സോമശേഖരന്‍ നായര്‍ 9-ാം വാര്‍ഡ് വി.ശിവശങ്കരന് നായര്‍ 10-ാം വാര്‍ഡ്.